Saturday, 28 January 2012

സമര സ്മൃതികള്‍

സമരസ്മൃതികളിലേക്ക് പുത്തരി"ക്കണ്ടം" വഴികാട്ടും

Posted on: 28-Jan-2012 09:41 AM

തിരു: ഒരു കോണില്‍ പുത്തരിക്കണ്ടം വീണ്ടും "കണ്ട"മായി. ഉഴുതുമറിച്ച മണ്ണില്‍ നേമത്തു നിന്നെത്തിയ കര്‍ഷക തൊഴിലാളികള്‍ ഞാറുനട്ടു. വയലേലകളിലെ പോര്‍വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ചരിത്രം കാണാന്‍ ഈ കണ്ടത്തിന്റെ ഓരത്തുകൂടി വേണം പോകാന്‍ . ചേറുമണമടിക്കുന്ന കാറ്റില്‍ ഉലയുന്ന നെല്‍ച്ചെടികള്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശന നഗരിയിലേക്കു വഴികാട്ടും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെല്‍പ്പാടമായിരുന്ന പുത്തരിക്കണ്ടത്തേക്ക് നേമത്തുനിന്ന് കൊണ്ടുവന്ന ഞാറ് ദിവസങ്ങള്‍ക്കകം വളര്‍ന്ന് പാകമാകും. ഇതിനോടു ചേര്‍ന്ന് ഈറ കീറി കുട്ടയും വട്ടിയും പണിതെടുക്കുന്ന തൊഴിലാളികളുടെ കുടില്‍ മാതൃക ഉയരും. മതില്‍ ചാടി മുടവന്‍മുഗളിലെ സമരഭൂമിയില്‍ പ്രവേശിക്കുന്ന എ കെ ജിയുടെ ചിത്രവും തൊട്ടടുത്ത് സ്ഥാപിക്കുന്നതോടെ കാര്‍ഷികസമരങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലാകും പുത്തരിക്കണ്ടം. മണ്ണിന്റെ മക്കളുടെ അവകാശപ്പോരാട്ടത്തിലൂടെ പിറവികൊണ്ട കേരളത്തിന്റെ ചരിത്രം പ്രദര്‍ശനത്തില്‍ അനാവൃതമാകും. പ്രദര്‍ശന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി. തിങ്കളാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രദര്‍ശനനഗരിയുടെ ഒരുക്കങ്ങള്‍ സജീവമായി മുന്നേറുകയാണ്. നെല്‍പ്പാടത്തിന്റെ ഹരിതാഭയ്ക്ക് എതിര്‍വശത്ത് മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. സ്റ്റേജിന്റെയും പ്രദര്‍ശനഹാളിന്റെയും നിര്‍മാണത്തിനൊപ്പമാണ് നഗരിയുടെ മുന്‍ഭാഗം അലങ്കരിക്കുന്നത്. ഫെബ്രുവരി 10 വരെ നീളുന്ന പ്രദര്‍ശനത്തില്‍ സമരകേരളത്തെ ആവിഷ്കരിക്കുന്ന ഫോട്ടോകളും വരകളും വര്‍ണങ്ങളും നിറയും. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.

==============================================================
The words above are from a local daily which made me scribble like these.....
സഖാക്കളേ,
എല്ലാം കേവലം പ്രദര്‍ശനങ്ങള്‍ മാത്രമായി ചുരുങ്ങി ഉദയം കൊണ്ട് ഒടുങ്ങുന്നല്ലോ എന്നതിലാണ് സങ്കടം.
പ്രദര്‍ശനങ്ങളുടെ അര്‍ദ്ധ ആയുസ്സിനും അപ്പുറത്തേക്ക് അതിലെ വികാരം ഉള്‍ക്കൊണ്ട്‌ അതൊരു തുടര്‍ച്ച ആക്കി മാറ്റുവാനോ
അല്ലെങ്കില്‍ അല്‍പ മാത്ര ജീവനുകള്‍ മാത്രമായി ശേഷിക്കുന്ന ഈ പൈതൃക സുകൃതങ്ങളെ നവ ഊര്‍ജം നല്‍കി സംരക്ഷിക്കുവാനോ
ആരും തന്നെ ശ്രമിക്കുന്നില്ല. ചരിത്രത്തിന്റെ ശേഷിപ്പുകള്‍ എല്ലാം തന്നെ ഇന്ന് പ്രദര്‍ശന വേദികളിലെ അലങ്കാരങ്ങള്‍ മാത്രം.
സംഘടനാ പ്രവര്‍ത്തനം പുതു തലമുറയ്ക്ക് ഒരു ഫാഷന്‍ അല്ലെങ്കില്‍ ഒരു നേരംപോക്ക് എന്നതിനപ്പുറത്തേക്ക് അതിലെന്തു വൈകാരിക ബന്ധമാണ്
അവരിലുള്ളത്..? അങ്ങനെയൊരു വൈകാരിക ബന്ധം അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ , വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചേറിന്റെ മണം ഉയര്‍ത്തുന്ന കാറ്റും നെല്‍ ചെടികളും ഒക്കെ പ്രദര്‍ശന വേദികളിലെ കൌതുകമുണര്‍ത്തുന്ന അലങ്കാര ദൃശ്യങ്ങള്‍ മാത്രമായി ഒതുങ്ങുകയില്ല. ഈ സമ്മേളനങ്ങള്‍ക്കും അപ്പുറത്തേക്ക് ഇവ വളര്‍ത്തി വലുതാക്കുവനുള്ള പ്രോത്സാഹനങ്ങള്‍ കൂടി ഉണ്ടാവണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
പുതിയ പാഠപുസ്തകങ്ങളില്‍ പോലും കുട്ടികളെ ചേരും ചെടിയും പരിചയപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ല.
"നിങ്ങള്‍ക്കുള്ളത്‌ പോലെന്‍ നാട്ടില്‍ ഞങ്ങള്‍ക്കുണ്ടൊരു മുത്തശ്ശി" എന്ന് തുടങ്ങുന്ന കവിതയില്‍ "ചേറിന്‍ പാളികള്‍ കുത്തിപൊക്കി കരിമാലയന്മാര്‍ പോകുമ്പോള്‍ "
എന്ന വരിയിലൂടെ ഒക്കെ കുട്ടികള്‍ക്ക് ചെറിനേയും ചേറിന്റെ മണം പേറുന്ന കാറ്റിനെയും ഒക്കെ പരിചിതമായിരുന്നു.
അത് കൊണ്ട് തന്നെ പ്രദര്‍ശന വേദികളില്‍ നിന്നും ചേറിന്റെ മണം പേറുന്ന കാറ്റില്‍ തലയാട്ടി നില്‍കുന്ന നെല്‍ചെടികള്‍ ഇനിയും മരിക്കാത്ത വയലേലകളുടെ
ഹൃദയങ്ങളിലേക്ക് തലയുയാര്‍ത്തി പിടിച്ചു നില്‍കുന്ന സഖാക്കളായി ലാല്‍ സലാം പറഞ്ഞു മാര്‍ച്ച് ചെയ്യട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
മാര്‍ക്സും എംഗല്‍സും ഒക്കെ ചിത്രങ്ങളില്‍ നിന്നും പുതു തലമുറയിലേക്കു കൂടി പുനര്‍ജനിക്കും വിധം മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തുടര്‍ പോരാട്ടങ്ങള്‍ നടത്തി ഹരിതാഭമായ നെല്പാടങ്ങളിലെ ജീവ സ്രോതസ്സുകളായി മാറട്ടെ. ഇനിയൊരു കര്‍ഷക ആത്മഹത്യ കൂടി ഉണ്ടാവാതെ നോക്കാം, കാരണം നമുക്ക് മാത്രമേ കഴിയു, അല്ലെങ്കില്‍ നമ്മള്‍ തന്നെയാവണം ചരിത്രത്തിലെന്ന പോലെ അനീതിയിലെക്കുള്ള ചൂണ്ടു പലകകളും സമൂല മാറ്റത്തിനുള്ള കാരണ ഭൂതന്മാരും ആവേണ്ടത്. സമര കേരളം എന്നത് കമ്മ്യൂണിസ്റ്റ്‌ തറവാടാണ്. പ്രദര്‍ശന വേദികളിലെ കെട്ടു കാഴ്ചകളില്‍ നിന്നും പ്രവൃത്തിയുടെ ഊര്ജമുള്‍ക്കൊള്ളുന്ന പാടങ്ങളിലേക്ക് നമ്മുടെ സഖാക്കള്‍ ഓരോരുത്തരും ചുവന്ന കൊടികളും ഉയര്‍ത്തി സ്വയം മാതൃകകളായി മുന്നേറട്ടെ. പുതു തലമുറകള്‍ അങ്ങനെയൊരു ആവേശ കാറ്റ് ശ്വസിച്ചു സ്വയം തിരിച്ചറിഞ്ഞു നമ്മുടെ സഖാക്കളാവട്ടെ. അങ്ങനെയൊരു നാളെക്കായി ഒരുമിക്കുന്ന കൈകള്‍ മനുഷ്യ ചങ്ങലകള്‍ തീര്‍ക്കട്ടെ, സ്നേഹ ജ്വാലകള്‍ ഉയര്‍ത്തട്ടെ.

ലാല്‍ സലാം.