Wednesday, 16 February 2011

രാഷ്ട്രിയം എന്നത് ഇന്ന് രാഷ്ട്രത്തെ സംബന്ധിച്ചത് എന്നതില്‍ നിന്നും ഒത്തിരി വിഭിന്നമായി മാറി
പകരം വ്യക്തികള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതു പോലുള്ള ഒരു വ്യവസ്ഥിതി ആയി തീര്‍ന്നിരിക്കുന്നു.
മുന്‍പ് വ്യക്തികളില്‍ നിന്നും വ്യക്തികളിലൂടെ ഒഴുകി ഒരു പൊതുസേവനത്തിന്റെ പ്രൌഢത ആയിരുന്നെങ്കില്‍
ഇന്നത്‌ ഓരോ വ്യക്തിയിലും മാത്രമായി ഒതുങ്ങുന്ന ഒരു സ്വാര്‍ത്ഥത ആണെന്ന് പറയേണ്ടി വരും.
കാരണം രാഷ്ട്രത്തിന് വേണ്ടി എന്ന വ്യാജേനെ ചെയ്യുന്ന ഏതൊരു കാര്യത്തിലും ഏറ്റവും വലിയൊരു സ്വാര്‍ത്ഥ
താല്പര്യം ഉണ്ടായിരുന്നു എന്ന് ഒരല്പം വൈകിയാണെങ്കിലും എല്ലാവരും അറിയുക തന്നെ ചെയ്യുന്നു.
(ആദര്‍ശ ധീരരും ഉദ്ധേശ ശുദ്ധിയുള്ള ചില രാഷ്ട്രീയക്കാരെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല പക്ഷെ അധര്‍മത്തിന്റെ അട്ടഹാസങ്ങള്‍ക്കിടയില്‍ ധര്‍മ്മത്തിന്റെ ആ ഇത്തിരി ശബ്ദങ്ങള്‍ മുങ്ങിപ്പോകുന്നു, അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോകുന്നു എന്നതാണ് സത്യം).

ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ അര്‍ത്ഥവും ആശയവും തന്നെ മാറി പോയിരിക്കുന്നു.
"എ ഗവര്‍ന്മെന്റ് ഓഫ് ദി പീപ്പിള്‍ , ഫോര്‍ ദി പീപ്പിള്‍ , ബൈ ദി പീപ്പിള്‍ " എന്നതിനെ ഇന്നത്തെ രാഷ്ട്രീയ
പ്രവര്‍ത്തകരുടെ മഹനീയമായ സേവനം കൊണ്ട് "എ ഗവര്‍ന്മെന്റ് ഓഫ് ദി റിച്, ഫോര്‍ ദി റിച്, ബൈ ദി റിച് " എന്ന് പുനര്‍ നിര്‍വചനം നടത്തി വക്കുകയാവും ഉചിതം.
രാഷ്ട്രീയം എന്നത് ഇന്ന് ഉപജീവനത്തിന്റെ ഏറ്റവും നല്ല ഉപാധി ആയി മാറിക്കഴിഞ്ഞു
എം. ബി. ബി. എസ്, എഞ്ചിനീയറിംഗ് , എം. ബി. എ. പോലുള്ള പ്രൊഫഷണല്‍ കോഴ്സ് കളെക്കാള്‍ കൂടുതല്‍ ആകര്‍ഷണീയമായ ഒരു പ്രൊഫഷണല്‍ കോഴ്സ് ആയി രാഷ്ട്രീയത്തെ യൂണിവേര്‍സിടികളില്‍ അംഗീകരിച്ചു കൊണ്ട് വരുന്ന ഒരു കാലം വിദൂരമാവില്ലെന്നു തോന്നുന്നു.
കാപട്യത്തിന്റെ അളവിനെ വെളുപ്പില്‍ കറുപ്പ് കൊണ്ടെഴുതി മുദ്രണം ചെയ്തു
"ക്വാളിഫയെട് പോളിടിഷ്യന്‍" എന്ന സാക്ഷ്യപത്രങ്ങള്‍ നല്‍കി വിടുന്ന
ഒരു കാലത്തെ കുറിച്ച് ചിന്തിച്ചാല്‍ അതില്‍ എന്തേലും അതിഭാവുകത്വം ഉണ്ടോ...?
ഇങ്ങനെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കോലം തുള്ളുമ്പോള്‍ സമത്വം എന്നതു വിദൂര സ്വപ്നമായി തീരും.

ഏകാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ഇതര രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കാള്‍
കൂടുതല്‍ ശക്തമായ ജനമുന്നേറ്റങ്ങള്‍ വരും നമ്മുടെ ഭാരതത്തിലും.
ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാനോ,
അല്ലെങ്കില്‍ ഇതിനു പകരം നില്‍കുന്ന കൂടുതല്‍ സന്തുലിതമായ,
കപടരാഷ്ട്രീയതിനെ അല്പം പോലും തുണക്കാത്ത പുതിയ ഒരു വ്യവസ്ഥിതിയെയോ
സ്ഥാപിച്ചെടുക്കുവാന്‍ ജനമുന്നേറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്.
ഞാന്‍ കാത്തിരിക്കുന്നത് ഈ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നില്കുവാന്‍ പുനര്‍ജനിച്ചു വരുന്നതു
ഗാന്ധിയാവുമോ സുഭാഷ് ചന്ദ്ര ബോസ് ആകുമോ എന്നറിയാനാണ്.
നമുക്ക് കാത്തിരുന്നു കാണുക തന്നെ ചെയ്യാം....

Monday, 7 February 2011

മനുഷ്യനും മാംസദാഹവും

കാശ് പ്രതിഫലമായി കൊടുത്തു പുരുഷന്‍ സ്ത്രീയെ ഭോഗിച്ചാല്‍ അത് സദാചാര വിരുദ്ധം
(മേല്‍പറഞ്ഞത്‌ ബലാല്‍കാരമായല്ലാതെ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് എന്നതും
സ്ത്രീക്ക് ഒരു പക്ഷെ നിവര്‍ത്തികേട്‌ കൊണ്ടുള്ള ഒരു ജീവന മാര്‍ഗം എന്നതും വിസ്മരിക്കാം)
സ്ത്രീയും പുരുഷനും മാനസികമായോ ശാരീരികമായോ തോന്നിയ ആകര്‍ഷണത്തിന്റെയോ
ഇഷ്ടത്തിന്റെയോ ഫലമായൊരു പരസ്പര സമര്‍പ്പണമോ,
അല്ലെങ്കില്‍ ഏറ്റവും കൂടിയ ചിന്തയില്‍
അതൊരു കാമ പൂര്‍ത്തീകരണ പ്രക്രിയയോ ആയിക്കൊള്ളട്ടെ,
എങ്കിലും അവിടെ ഒരാള്‍ മറ്റൊരാളുടെ
ഇഷ്ടക്കേടിനെതിരെ ആക്രമണം അഴിച്ചു വിടുന്നില്ല.
ഈ പറഞ്ഞ രണ്ടു അവസ്ഥകളും സദാചാര വിരുദ്ധമത്രെ.
അതിനെ ക്യാമറ കണ്ണുകളും, തൂലിക തുമ്പുകളും ഒപ്പം സദാചാരത്തിന്റെ
തമ്പുരാക്കന്മാരും ചേര്‍ന്ന് വാണിഭത്തിന്റെ പളപളപ്പുള്ള പുറംകുപ്പായമിടീച്ചു
പുലര്‍ച്ചെയുള്ള ചായക്കൊപ്പം വന്‍തോതില്‍ വിറ്റഴിക്കുന്നു.....
മേല്പറഞ്ഞ, ആഗ്രഹ പൂര്‍ത്തീകരണത്തിനോ അല്ലെങ്കില്‍ ജീവന മാര്‍ഗത്തിനോ ആയി
മുറിവേല്പിക്കാതെ കുറ്റം ചെയ്തവര്‍ക്കെതിരെ നിയമങ്ങള്‍ ആക്രോശം കൊള്ളുന്നു.....
ഖദറും, കാക്കിയും മറ്റു നിറങ്ങളും ഒക്കെ ഒന്ന് ചേര്‍ന്ന് നിന്ന് നാനാത്വത്തിലെ ഏകത്വം
പ്രദര്‍ശിപ്പിക്കുന്നു.... ഇതോ പുരോഗതി എന്നൊരു ചോദ്യമോ അല്ലെങ്കില്‍ പാശ്ചാത്തീകരണം
എന്ന് ഉറക്കെ ആക്ഷേപമോ ചൊരിയുന്നു.. അടക്കിയുള്ള ചിരികള്‍ , പൊടിപ്പും തൊങ്ങലും വച്ചുള്ള
കഥമെനയലുകള്‍ , ആക്ഷേപ ഹാസ്യ പ്രചാരണങ്ങള്‍ എന്ന് തുടങ്ങി വേണ്ട വായില്‍ വരുന്നത് ഒക്കെ
കോതക്ക് പാട്ടുകളായി തന്നെ തീരുന്നു.
ഇതേ കാര്യം തന്നെ മൊബൈലുകളില്‍ എസ് എം എസുകള്‍ ആയും
ഇ- മെയിലുകള്‍ ആയും കാട്ടു തീ പോലെ വാര്‍ത്ത പടര്‍ത്തി
വാണിഭം നടത്താതെ തന്നെ വാണിഭ സുഖം അറിയുന്ന കൂട്ടരുമുണ്ട്‌.
നിര്‍ധോഷം എന്ന് വേണമെങ്കില്‍ ആശ്വസിക്കാവുന്ന ഒരു തെറ്റിനെതിരെ
സാമൂഹിക പ്രബുദ്ധര്‍ എന്ന് സ്വയംഉല്‍കര്‍ഷിക്കുന്നവര്‍
അവരുടെ കൊതിക്കെറുവുകള്‍ തീര്‍ക്കുന്നതിനു വേണ്ടിയോ, തനിക്കു സാധിക്കാത്തത്
മറ്റൊരാള്‍ക്ക് ആയി എന്നതിലെ അസൂയയോ ഒക്കെ വെളിപ്പെടുന്ന
പ്രകടനങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന് തന്നെയേ ഞാന്‍ പറയുള്ളൂ.