Monday 26 November 2012

ഒരു ദൈവ വിലാപം

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത 

നാസക്കു(NASA ) ശബരിമലയില്‍ നിന്നും അയ്യപ്പന്‍ കത്തയച്ചു 


കത്തിന്‍റെ പൂര്‍ണ രൂപം ചുവടെ: 


ബഹുമാനപ്പെട്ട നാസ മുതലാളി, 

സുഖങ്ങള്‍ ഒക്കെ തനെന്യാണോ....? 
മഴയും വെള്ളവും ഒക്കെ ഉണ്ടോ...?
ഒബാമയുടെ രണ്ടാം വിജയത്തോട് കൂടി നിങ്ങള്ക്ക് ശുക്രന്‍ ഒന്നുകൂടി തെളിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത്.
പുള്ളിക്കാരന് എന്റെ ആശംസകള്‍ ഇതോടൊപ്പം അറിയിച്ചു കൊള്ളുന്നു.

പിന്നെ അടിയന്തിരമായി ഞാന്‍ ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതുന്നത് വളരെ അത്യാവശ്യം ആയതുകൊണ്ടാണ്.

എന്‍റെ ഈ കത്തിനെ ഒരു തുറന്ന അപേക്ഷയായി കണ്ടു അങ്ങേയറ്റം ഹൃദയ വിശാലതയോട് കൂടി പരിഗണിക്കണം.
അത്രയ്ക്ക് നിവര്‍ത്തികേട്‌ ആയത് കൊണ്ടാണ് ഇങ്ങനെയൊരു അപേക്ഷ അയക്കാന്‍ ഞാന്‍ പ്രേരിതന്‍ ആയത്. 

നിങ്ങള്‍ക്ക്‌ അറിയാമല്ലോ, ഈയിടെ മഞ്ചുന്‍റെ കെട്ടിയോന്‍ ദിലീപ്‌ മായാമോഹിനി എന്നൊരു പെണ്‍ വേഷം കെട്ടിയ പോലെ 

പണ്ട് വിഷ്ണു അണ്ണന്‍ മോഹിനി ആയി അവതരിച്ചത് കണ്ടപ്പോള്‍ ശിവേണ്ണനു വേണ്ടാത്ത പൂതി തോന്നിയത് കൊണ്ടാണ് ഞാന്‍ ഭൂജാതനായത് എന്ന്. 
ഒടുവില്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും കാര്യം കഴിഞ്ഞപ്പോള്‍ എന്നെ ഉള്‍കൊള്ളാന്‍ വയ്യാത്തത് കൊണ്ടാണല്ലോ ദാസനായ പന്തളരാജാവിന് എന്നെ കൊടുത്തു കയ്യൊഴിഞ്ഞത്.
എന്നാലും സാരമില്ല, രാജാവിന് മക്കളൊന്നും ഇല്ലാത്തോണ്ട് ഞാന്‍ സാമാന്യം തെറ്റില്ലാതെ അവിടെ ജീവിച്ചു പോന്നു.
അങ്ങനെ ഇരിക്കെ ആണ് കൂനിന്മേല്‍ കുരു പോലെ എന്‍റെ വളര്‍ത്തച്ഛന് രണ്ടാമതും കുട്ടി ഉണ്ടായത്, 
അതോട് കൂടി വളര്‍ത്തമ്മക്ക് സ്വതവേ സ്ത്രീകളില്‍ കണ്ടു വരുന്ന അസൂയ കുശുമ്പ് കുന്നായ്മ എന്നീ അസുഖങ്ങള്‍ കൂടുകയും 
എന്നെ എങ്ങനെ എങ്കിലും ഒഴിവാക്കണം എന്ന ചിന്ത കലശലായി വളരുകയും ചെയ്തു. 
പിന്നെ ലാ... മന്ത്രി പുംഗവന്‍ പുന്നാര മോന്‍റെ ഒടുക്കത്തെ വക്ര ബുദ്ധി കൂടി ആയപ്പോള്‍ ഒരു പതിനൊന്നിന്‍റെ പണി ആണ് എനിക്ക് കിട്ടിയത്... 
അമ്മേടെ അസുഖം ഭേദമാവാന്‍ പുലിപ്പാല് കൊണ്ട് വരണം എന്ന് പറഞ്ഞു എന്നെ കാട്ടിലേക്ക് അയച്ചു. 
പുലി നക്കി ഞാന്‍ പണ്ടാരം അടങ്ങും എന്നാണു അവര്‍ വിചാരിച്ചത് 
പക്ഷെ പണ്ട് പഠിച്ച കുറെ നമ്പരുകള്‍ കയ്യില്‍ ഉണ്ടാരുന്നോണ്ടും കളരി പരമ്പര ദൈവങ്ങള്‍ കനിഞ്ഞത് കൊണ്ടും 
പിന്നെ പുലി മര്യാദക്കാരന്‍ ആയത് കൊണ്ടും എന്‍റെ തടി കേടായില്ല
കാലു പിടിച്ചു കാര്യം പറഞ്ഞപ്പോള്‍ കരലളിഞ്ഞ പുലിയും കുടുംബവും കൂടെ വന്നു.... 
അങ്ങോട്ട്‌ നടന്നു പോയേന്‍റെ ക്ഷീണം കണ്ടു മനസലിഞ്ഞിട്ടു ആണെന്ന് തോന്നുന്നു, "നീ നടക്കണ്ട എന്‍റെ മുതുകത്ത് കേറിക്കോ" എന്ന് ആ കാരുണ്യവാന്‍ പുലി എന്നോട് പറഞ്ഞത്. 
"നീ ഇങ്ങനെ നടന്നാല്‍ തിരിച്ചെത്തുമ്പോ ഞാന്‍ ലേറ്റ് ആവും, എനിക്ക് തിരിച്ചു വന്നിട്ട് വേറെ പണിയുള്ളതാ" എന്നും പറഞ്ഞു എന്നേം മുതുകത്ത് കേറ്റി പുലി കൊട്ടാരത്തില്‍ എത്തി.
എന്നോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പുലിപ്പാല് ഞാന്‍ കറന്നെടുത്തു കൊടുത്തപ്പോള്‍, 
'ദാണ്ടെ കെടക്കണ്, അവര്‍ക്ക് അതൊന്നും അല്ലാരുന്നു വേണ്ടത്, ഞാന്‍ അവിടെ പാടില്ല, ഞാന്‍ അവിടെ നിന്നാല്‍ അവരുടെ യഥാര്‍ത്ഥ മകന് പാരയാകുമോ എന്നാ പേടി'
ഒടുവില്‍ കാര്യം മനസിലായപ്പോള്‍ അവിടുന്ന് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു, 
അഭിമാനം കളഞ്ഞു നില്‍കാന്‍ നമുക്ക് പറ്റില്ലല്ലോ, അങ്ങനെ ഇനി നാട്ടിലേക്കെ ഇല്ലന്നും പറഞ്ഞാണ് ഞാന്‍ കാട് കയറിയത്.
കരിമലേം നീലിമലേം ഒക്കെ കേറി അങ്ങ് ഏറ്റവും ടോപ്പില്‍ പോയി സ്വസ്ഥമായി ഇരിക്കാം എന്ന് കരുതിയാണ് ഇവിടെ ഈ ശബരിമലയില്‍ വന്നു ഇരിപ്പുറപ്പിച്ചത്. 

പിന്നെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ആധാരം സ്ത്രീയാണ് എന്ന് പണ്ടേ മനസിലാക്കിയത് കൊണ്ട് എന്‍റെ അടുത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണ്ട എന്ന് ആദ്യമേ തീരുമാനിച്ചത് 

ഒരുത്തീം കേറി വരരുതെന്ന് കരുതിയാണ് എന്നെ കെട്ടിയേ അടങ്ങുന്നും പറഞ്ഞു വന്ന മഹിഷി പെണ്ണിനെ പിടിച്ചു ഞാന്‍ മാളികപ്പുറത്തമ്മ ആക്കി അവിടെ ഇരുത്തിയത് 
അവള്‍ക്കൊരു വാക്കും കൊടുത്തു, "എന്നെ കാണാന്‍ കന്നി അയ്യപ്പന്മാര്‍ വന്നില്ലെങ്കില്‍ ആ വര്‍ഷം നിന്നെ കെട്ടിക്കോളാം" എന്ന്.
എനിക്കുറപ്പായിരുന്നു അങ്ങനെ എന്നെ കാണാന്‍ കന്നിയയ്യപ്പന്മാര്‍ വരാതിരിക്കില്ല എന്ന്. ഞാന്‍ ആരാ മോന്‍..?
അങ്ങനെ കിട്ടുന്ന ഉണ്ണിയപ്പോം അരവണേം ഒക്കെ കഴിച്ചു യേശുദാസിന്‍റെ ഹരിവരാസനോം കേട്ട് സാമാന്യം തെറ്റില്ലാതെ ഉണ്ട് ഉറങ്ങി ഞാന്‍ ജീവിച്ചു പോകുവാരുന്നു. 
എന്‍റെ പേരില്‍ കിട്ടാവുന്നിടത്തോളം വരുമാനം ഉണ്ടാക്കി പ്രജകളും സുഭിക്ഷം കഴിയുക ആയിരുന്നു 

അങ്ങനെയിരിക്കെ ആണ് ഈ അടുത്തായി പ്രശ്നങ്ങള്‍ ഒക്കെ വന്നു പെടുന്നത്.... 

ശനീശ്വരന്‍ ആയ എനിക്കിപ്പോ ശനി കൂടിയ പോലെയാണ് കാര്യങ്ങള്‍ 
ഇനി ഞാന്‍ പറയുന്നത് ശ്രദ്ധാ പൂര്‍വം കേട്ട് എന്നെ സഹായിക്കണം.
പ്രശ്നങ്ങളുടെ തുടക്കം ഒരു എട്ടു പത്തു വര്‍ഷം മുന്നേയാണ്. 
അന്ന് അരവണയില്‍ എലി വാല് കണ്ടു എന്നും പറഞ്ഞാണ് ആദ്യം എനിക്കെതിരെ അവിശ്വാസം വരുന്നത്.
അത് എലിയുടെ വാല് തന്നെ ആരുന്നു എന്നും, വാല് അല്ല ചകിരി നാരോ, തലമുടിയോ എന്നൊക്കെ പറഞ്ഞും പല പല കോലാഹലങ്ങള്‍,
പണ്ടെപ്പോലെ തന്നെ ഞാന്‍ ചെവീം പൊത്തിയിരുന്നു അത് കേട്ടു കളഞ്ഞു.... 
അതൊന്നടങ്ങിയപ്പോള്‍ നാട്ടിലെ പെണ്ണവതാരങ്ങള്‍ക്ക് ഒക്കെ മല കയറണം എന്നും എന്നെ കാണാന്‍ അവകാശം സിദ്ധിക്കണം എന്നും, 
ആണുങ്ങള് കേറുന്നിടത്തൊക്കെ ഞങ്ങളും കേറും, ഞങ്ങള്‍ക്കും കേറണം എന്നൊക്കെ പറഞ്ഞു ഒരേ പുലിവാല്.
ഇതുങ്ങള്‍ക്ക് ഒക്കെ എന്തിന്‍റെ കേടാണോ ആവോ...? എല്ലാവളുമാര്‍ക്കും സുബൈദ കളിക്കണം. വോക് വിത്ത്‌ സുബൈദ കണ്ടു കണ്ടു വഴി തെറ്റിയാതാന്നു തോന്നുന്നു 
ആ പെണ്ണുമ്പിള്ള കണ്ട കുന്നും മലയും കാടും പടലും കള്ളുഷാപ്പും ബ്രാണ്ടി കടയും ഒക്കെ ചവിട്ടി തൊഴിക്കണ കണ്ടപ്പോള്‍ ബാക്കിയുള്ള കിടാത്തി മാര്‍ക്ക് ആര്‍കും ഇരിക്ക പൊരുതി ഇല്ല.
ഇനി ശബരിമല കേറാത്തതിന്‍റെ കുറവേ ഉള്ളൂ. ആയിടെ ആണ് കന്നടത്തുകാരി ഒരു എന്തിരവള് വല്യ വായിലെ പത്ര സമ്മേളനം നടത്തിയത്, 
അവള് ശബരി മലയില്‍ വന്നിട്ടുണ്ട് പോലും, അങ്ങനെ എന്‍റെചാരിത്ര്യം വരെ സംശയിക്കപ്പെട്ടു, 
ഒന്നാമതെ ഇപ്പോ പീഡനങ്ങളുടെ കാലമാണ്, ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും പത്രത്തില്‍ പേര് വരുമ്പോ പീഡനം ആകുവെന്നു അറിയാമല്ലോ 
പെണ്ണുങ്ങള്‍ക് പ്രവേശനം ഇല്ല എന്നത് കൊണ്ട് മാത്രം ആ വിധ വാര്‍ത്തകളില്‍ ഒരിക്കലും പെടേണ്ടി വരില്ലല്ലോ എന്ന് ആശ്വസിച്ചു കഴിയുന്നതിനിടയില്‍ ആണ് 
ആ കന്നടത്തുകാരി അങ്ങനെ പറഞ്ഞത്. അതോടെ തീക്കട്ടയിലും ഉറുമ്പരിക്കും എന്ന മട്ടിലായി കാര്യങ്ങള്‍........ പിന്നെ നിരന്തരം ഞാന്‍ വാര്‍ത്തകളില്‍ വിഷയമായി.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും, ഹൈക്കോടതിയും, പിന്നെ മഞ്ഞയും പച്ചയും തുടങ്ങി പല നിറത്തിലുള്ള പത്രങ്ങളും ചേര്‍ന്ന് പതിനെട്ടാം പടിക്കു മുകളില്‍ ഇരുന്ന എന്നെ വലിച്ചു താഴെയിട്ടു. 
കഴിഞ്ഞ സീസണ്‍ കൊണ്ട് തന്നെ എനിക്ക് മടുത്തു പോയിരുന്നു അത്രയ്ക്കാണ് ഞാന്‍ അനുഭവിച്ചത്. 
പിന്നെ ഭക്തരുടെ കാര്യം പറയുകേ വേണ്ട. ഇപ്പൊ ടൂര്‍ ചാര്‍ട്ടു ചെയ്തു വരുമ്പോലെ ആണ് ഭക്തര്‍ എന്നെ കാണാന്‍ വരുന്നത് 
തിരിച്ചു പമ്പയില്‍ വച്ച് തന്നെ മാല ഊരി അവിടുന്നെ കുപ്പി പൊട്ടിച്ചു അടി തുടങ്ങും, 
അടുത്ത വര്‍ഷം സന്നിധാനത്ത് തന്നെ ബീവറേജ് കോര്‍പറേഷന്‍റെ ന്യായ വില ബ്രാണ്ടിക്കട തുടങ്ങുമെന്നും ഒക്കെ പറയുന്നു 
എല്ലാം അതി വേഗം ബഹുദൂരം അല്ലെ സര്‍ക്കാര്‍ എന്തായാലും കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചോളും... കാശു കിട്ടിയാല്‍ മാത്രം മതി അവര്‍ക്ക്. 

ഇത്തവണ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്യങ്ങള്‍ അവതാളത്തിലായി, 

വന്‍ വിറ്റുവരവ് പ്രതീക്ഷിച്ചു ഉണ്ടാക്കിയ അപ്പം മുഴുവന്‍ പൂപ്പല്‍ പിടിച്ചു, 
അപ്പം കത്തിച്ചു കളഞ്ഞെങ്കിലും അപ്പത്തില്‍ വിഷബാധ ഉണ്ടായിരുന്നു എന്നും 
ഇത് കഴിച്ചിരുന്നു എങ്കില്‍ മരണം വരെ സംഭവിക്കാന്‍ ഇടയാകുമായിരുന്നു എന്നും ഒക്കെയാണ് പറയുന്നത്. 
സംഗതി എന്തായാലും ഹൈക്കോടതിയില്‍ എത്തി, ചെളി വാരിഎറിയലും രാഷ്ട്രീയ മുതലെടുപ്പും ഒക്കെ പൂര്‍വാധികം ഭംഗിയായി, 
ചാനലുകള്‍ ഈ വിഷയം മാമാങ്കം പോലെ കൊണ്ടാടുന്നു, ഇതോടെ എനിക്കൊരു കാര്യം ബോധ്യമായി ഇനി ഈ മലയിലും രക്ഷയില്ല, 
ജീവിച്ചു പോകാന്‍ ഈ കാടോ അല്ലെങ്കില്‍ അയ്യപ്പന്‍ വാവര് മത സഹിഷ്ണുതയോ ഒന്നും ഒരു തുണയാവില്ല എന്ന് മനസിലായി.
അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ കാരുണ്യത്തിനായി അപേക്ഷികുന്നത്.

അധികം വലിച്ചു നീട്ടാതെ ഞാന്‍ കാര്യം പറയാം . ഇനി അടുത്തിടെ എങ്ങാനും ചൊവ്വയിലെക്കോ ബുധനിലെക്കോ വല്ലോം വണ്ടി ഉണ്ടെങ്കില്‍ ഞാന്‍ പോകാന്‍ തയാറാണ്. 

പോകാന്‍ തയാറാണ് എന്നല്ല നിശ്ചയമായും എന്നെ കൂടി അയക്കണം. പണ്ട് പുലിപ്പുറത്തു കയറിയതിന്‍റെ അനുഭവവും തഴമ്പും ഉണ്ട്. 
ഈ മുന്‍പരിചയം എനിക്കുള്ള അധിക യോഗ്യത ആയി കണ്ടു എന്നെ ഏറ്റവും അടുത്ത ശുഭ മുഹുര്‍ത്തത്തില്‍ തന്നെ ഇവിടുന്നു രക്ഷപ്പെടാന്‍ ഇടയുണ്ടാക്കണം 
കീഴടക്കി മാത്രം ശീലമുള്ള ഈ മണ്ണിന്‍റെ മക്കള്‍ അധികം വൈകാതെ അവിടെയും എത്തും എന്നും അവിടുന്നും ഓടേണ്ടി വരും എന്നും എനിക്കറിയാം 
എങ്കിലും ഒരു സ്ഥിര നിവര്‍ത്തി കണ്ടു പിടിക്കും വരെ ഒരു താല്‍കാലിക അഭയം എന്ന നിലയില്‍ ഈ ഭൂമിക്കപ്പുരത്തുള്ള എങ്ങോട്ടേലും പോകാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. 
എന്‍റെ ഈ ദുരവസ്ഥ കണ്ടറിഞ്ഞു എന്നെ സഹായിക്കുമെന്ന പ്രതീക്ഷയോടെ, ലോക പോലീസിന്‍റെ വികസന സമിതി സമക്ഷത്തിലേക്ക്,

വിശ്വസ്തതയോടെ, 


ശ്രീ അയ്യപ്പന്‍ എം. എസ്‌

"തത്വമസി"
കല്ലിടാംകുന്നു പി.ഒ
പമ്പ വഴി 
ശബരിമല

Saturday 18 August 2012

അഭിനവ പത്ര പ്രബുദ്ധതകള്‍



അഭിനവ പത്ര പ്രബുദ്ധതകള്‍ 

പത്രക്കാരെ നിങ്ങളുടെ കണ്ണുകള്‍ ജര്‍മന്‍ മെയ്ഡ് ആണോ...?
ഒരു ഒന്നൊന്നര കണ്ണ് തന്നെ. കാണാത്തത് പലതും കാണും. കാണേണ്ടത് കാണുകയുമില്ല, അഥവാ ദൃഷ്ടിയില്‍ പെട്ടാലും കണ്ട ഭാവം ഉണ്ടാവുകേം ഇല്ല.
വയറു വീര്‍ത്തിരുന്നാല്‍  ഉടനെ "ഗര്‍ഭം" തന്നെ എന്ന് സ്ഥിരീകരിക്കുന്ന നിങ്ങളുടെ ബുദ്ധിയുണ്ടല്ലോ, ഹോ അപാരം തന്നെ. 
എന്തിലും ദോഷത്തിന്റെ കരിങ്കണ്ണു വച്ച് മാത്രം നോക്കി കണ്ടു വിലയിരുത്തുന്ന നിങ്ങളുടെ അഭിനവ പത്ര ധര്‍മം ചിന്തിപ്പിക്കുകയല്ല, ചിരിപ്പികുകയാണ് ചെയ്യുന്നത് 
നിങ്ങളുടെ മുഖത്തൊഴിക്കാന്‍ പാകത്തില്‍ ചാണക വെള്ളം എവിടുന്നു കിട്ടും എന്നോര്‍ത്തു ചിരിക്കുകയാണ്. 
തമ്മിലടിപിച്ചു ചോര കുടിക്കുന്ന മുട്ടനാടുകള്‍, അവര്‍ക്ക് നിങ്ങളെക്കാള്‍ അന്തസ്സുണ്ട്. ഇവിടെ നിങ്ങളും മാക്സിമം ഭിന്നിപ്പിച്ചു നിര്‍ത്തുക അല്ലെങ്കില്‍ ഭിനന്നതകള്‍ ഉണ്ടാക്കുക ഇത് തന്നെയാണ് ചെയ്യുന്നതും
അതിനു വേണ്ടിയാണ് ശ്രമിക്കുന്നതും,  എങ്കില്‍ മാത്രമേ ചീഞ്ഞു നാറിയ വാര്‍ത്തകള്‍ കൊണ്ട് നിങ്ങളുടെ മഞ്ഞ നിറം പുരണ്ട പത്രങ്ങള്‍ കുത്തി നിറക്കാന്‍ ആകു.
വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അല്ലെ നിങ്ങള്‍ക്കും വയറു നിറക്കാന്‍ ആകു.. എന്നും എപ്പോഴും എവിടുന്നു വാര്‍ത്തകള്‍ കിട്ടാനാ അല്ലെ..?
അത് കൊണ്ട് തന്നെ നിങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കുകയും വാര്‍ത്ത അല്ലാത്തതിനെ വാര്‍ത്ത ആകുകയും ചെയ്യും 
"ഉദരം നിമിത്തം ബഹുവിധ ക്ലേശം" 

"വി. എസ്സിന്‍റെ ഹരിത രാഷ്ട്രീയ നീക്കം." -- കല്പനാ സുന്ദരമായൊരു തലക്കെട്ട്‌... അതിന്റെ ഒടുവില്‍ കരിന്തേളിന്‍റെ  വിഷം നിറച്ച വാലെന്ന പോലെ ഒരു ചോദ്യവും " സി. പി. എമ്മിനെ" ഇത് പിന്തുണക്കുമോ എന്ന്..? 
വി. എസ്സിന്‍റെ പല പ്രസ്താവനകളേയും  നിങ്ങള്‍ തന്നിഷ്ടപ്പ്രകാരം ബലാല്‍സംഗം ചെയ്തു കുട്ടിയുണ്ടാക്കിയത് പോലെയാണ് വാക്കുകള്‍ പലതും വളച്ചൊടിച്ചു നിങ്ങള്‍ വാര്‍ത്തകളാക്കി  വി. എസ്സിനെ  പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയത്. കുളക്കടവില്‍ പോയി സീന്‍ പിടിക്കുന്നതിനും ഒരു ന്യായീകരണം ഉണ്ട്. പക്ഷെ മണിയറക്കുള്ളിലേക്ക് എത്തി നോക്കി അവിടെ നടക്കുന്നത് വാര്‍ത്തയാക്കുന്നത് നിങ്ങളുടെ ഗതികേട് തന്നെയാണ് വെളിപ്പെടുന്നത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പോലും പലപ്പോഴും താനുയര്‍ത്തിക്കൊണ്ടുവന്ന ഭൂമി കയ്യേറ്റ/പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ യുവാക്കള്‍ ആരും ഏറ്റെടുക്കാതിരുന്നപ്പോഴും അതെറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന വലത് യുവ എം.എല്‍.എമാരോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുക വഴി തന്റെ മുന്‍ നിലപാടുകളെ ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തിന് മുന്‍പാകെ വെക്കുകയുമാണ് വി.എസ്. ‘യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ’ എന്ന വി.എസ്സിന്റെ ചോദ്യം വലത് എം.എല്‍.എമാരോട് എന്നതിനേക്കാള്‍ പ്രസക്തമാകുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് അല്ലേ എന്ന ന്യായമായ സംശയമാണ് ലേഖകന്‍ ഇവിടെ പങ്കുവെക്കുന്നത്. അങ്ങനെയെങ്കില്‍ വി.എസ്സിന്റെ നീക്കത്തെ പാര്‍ട്ടി പിന്തുണയ്ക്കുമോ എന്നും ആ നീക്കം ഈ ദുരിതകാലത്ത് പാര്‍ട്ടിയെ തുണയ്ക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.

"മേല്‍പ്പറഞ്ഞ  നിങ്ങളുടെ  വാക്കുകള്‍"","! - അതിനെക്കുറിച്ച് പറയട്ടെ; 

വി. എസ്സിന്‍റെ ഒരു നല്ല പ്രവര്‍ത്തിയെ ആ അര്‍ത്ഥത്തില്‍ മാത്രം കാണാതെ, അതിനു വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്‍കാതെ അതിനെ ഇവ്വിധം വ്യഭിചരിച്ചെഴുതാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത് ..? ഇതാണോ നിങ്ങളുടെ പത്ര സ്വാതന്ത്ര്യവും പത്ര ധര്‍മവും..? നിങ്ങളുടെ കഴിവിന്‍റെ അങ്ങേയറ്റം അതാതു കാലയളവുകളില്‍ ഭരിക്കുന്നവനെ താങ്ങി  കൊടുക്കുക. അനസ്യൂതം അത് നിങ്ങള്‍ ചെയ്തോളൂ, അവ്വിധം തൃപ്തിയടഞ്ഞോളൂ.
കിട്ടുന്നതൊക്കെ വാങ്ങി തിന്നു വയറും നിറച്ചു വീണ്ടും സ്വപ്നം കണ്ടുറങ്ങിക്കോളൂ ആര്‍ക്കും അതില്‍ പരാതിയില്ല.  പക്ഷെ ഇപ്പൊ ചെയ്തോണ്ടിരികുന്ന ഈ ചെയ്ത്ത് നിര്‍ത്തുക. ഇല്ലെങ്കില്‍ നിങ്ങളുടെ പത്രങ്ങള്‍, കുട്ടികള്‍ ഇളകി തൂറുന്നത് തുടച്ചെരിയാന്‍ പോലും ഉപയോഗിക്കാന്‍ കൊള്ളാത്ത വിധം ഉപയോഗ ശൂന്യമാകും.  അത്രയ്ക്ക് ചൊറിയും വിധം വിഷം നിറഞ്ഞത്‌ മാത്രമാണ് നിങ്ങളുടെ പത്രങ്ങള്‍.... . 
കാണുന്നില്ലേ നിങ്ങള്‍ ടോയ് ലെറ്റ്‌ പേപ്പറുകള്‍. നിങ്ങളെ   നോക്കി ചിരിക്കുന്നത്. 

Friday 17 August 2012

ഗിനി പന്നികള്‍

നാട്ടില്‍ മുക്കിനു മുക്കിനു മെഡിക്കല്‍ കോളേജ്കള്‍ . സൂക്ഷിച് നടന്നില്ലെങ്കില്‍ തട്ടി വീണു മുറിയും. 
കയ്യില്‍ കാശും, അതിലൊരു പങ്കു ഭരിക്കുന്നവനും കൊടുക്കുമെങ്കില്‍ പള്ളിക്കും പാതിരികും പട്ടക്കാരനും കോയക്കും കുഞാപ്പക്കും കുഞ്ഞമ്മേടെ മോള്‍ക്കും 
സുധക്കും അമൃതക്കും കരുണ ഉള്ള ഗുരുവിനും ഇല്ലാത്ത ഗുരുവിനും, തുടങ്ങി സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ, കൊടിയുടെ നിറം നോക്കാതെ കൊടുക്കും വിദ്യാഭ്യാസ (വിദ്യ ആഭാസ) കച്ചവട കേന്ദ്രങ്ങള്‍ . അതിനി മെഡിക്കല്‍ കോളേജ് ആയാലും എഞ്ചിനീയറിംഗ് കോളേജ് ആയാലും മറ്റ് ഏതൊരു വിദ്യാഭ്യാസ സ്ഥാപനം ആണെങ്കിലും പശുവിന്റെ കടീം തീരും കാക്കേടെ വയറും നിറയും എന്ന് പറയുന്ന പോലെ ഉധിഷ്ട കാര്യത്തിന് ഉപകാര സ്മരണകള്‍ എന്നപോലെ കാശും കൊണ്ട് വരുന്നവന് ഉദാരമായി തന്നെ മേലിലും ഇതൊക്കെ ലഭിച്ചു കൊണ്ടേയിരിക്കും.
തല്‍ഫലമായി ഇവ്വിധം മെഡിക്കല്‍ കോളേജ് കള്‍ പരീക്ഷണ ശാലകളും മനുഷ്യര്‍ പരീക്ഷണ വസ്തുക്കളും ആയികൊണ്ടെയിരിക്കും. 

ഇവിടെ ഇപ്പൊ സംശയിക്കെണ്ടിയിരികുന്ന മറ്റൊന്നാണ്. ആന്തരിക അവയവങ്ങളുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു സര്‍ജെരിക് വിധേയമാകേണ്ടി വന്നാല്‍ 

തിരിച്ചിറങ്ങുമ്പോള്‍ അകത്തുണ്ടയിരുന്നതൊക്കെ അതുപോലെ ഒക്കെ തന്നെ ഉണ്ടാവുമോ, ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്നല്ലേ തമ്പുരാന്‍ പറഞ്ഞെക്കനത് എന്ന് കരുതി
രണ്ടുണ്ടാരുന്നതീന്നു ഒന്ന് പരിചെടുത്തിണ്ടുണ്ടാവുമോ, അതോ അകതുണ്ടാരുന്നത് പറിച്ചെടുത്തു നാടുകടത്തി പകരം ഡ്യൂപ്ലിക്കേറ്റ്‌ ഒരെണ്ണം വച്ച് പിടിപ്പിചാണോ വിടുന്നത് എന്ന് ആര്‍ക്കറിയാം. പണ്ട് ആറ്റു നോറ്റിരുന്നു ഒരു ചെറിയ ബൈക്ക് വാങ്ങിയാല്‍ അത് സെര്‍വിസിങ്ങിനു കൊടുക്കരാവുംപോ ആധി തുടങ്ങും. സെര്‍വിസിംഗ് കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ ഏതൊക്കെയാവും അടിച്ചു മാറ്റി പകരം ഡ്യൂപ്പ് വച്ച് പിടിപ്പിച്ചു വിടുന്നതെന്ന്. അത് പോലെ നമുക്ക് ഓരോര്തര്‍ക്കും നമ്മളെ സെര്‍വിസിങ്ങിനായി വല്ല പരീക്ഷണ ശാലകളിലും കേറ്റുമ്പോള്‍
കല്ലിലുള്ളതോ, കലെണ്ടറില്‍ ഇരിക്കുന്നതോ, ആളായി ഉറഞ്ഞു തുള്ളുന്നതോ, തുടങ്ങി എല്ലാ ദൈവങ്ങളോടും കരളുരുകി പ്രാര്‍ത്ഥിക്കാം തിരിചിരക്കുംപോ ഉള്ളിലുള്ളതൊക്കെ അത്പോലെ തന്നെ ഉണ്ടായിരിക്കണേ എന്ന്.

Sunday 1 July 2012

വിലക്കപ്പെട്ട കനിയും, അനാഥമാക്കപ്പെടുന്ന വിത്തുകളും



സ്ത്രീയിലും പുരുഷനിലും പ്രേമം തളിര്‍ക്കട്ടെ...
പ്രേമം കാമമായ്     കത്തി എരിഞ്ഞു ബീജം പെയ്തൊഴിഞ്ഞു  തീരട്ടെ 
എങ്കിലും ഒന്നാലോചിക്കുക, "നിങ്ങള്‍ പരസ്പരം ശരീര സുഖം അറിയാനായി മാത്രം പരസപരം ഇഷ്ടപ്പെടുന്നവര്‍" 
നിങ്ങള്‍ വെറുതെ എന്തിനു ഒരു ജീവന്‍ സൃഷ്ടിക്കണം....  
ചിന്തിക്കുക, നിങ്ങളുടെ രതിസുഖം ഒരു സൃഷ്ടിയില്‍ എത്തേണ്ടതുണ്ടോ..? 
നിമിഷ സുഖത്തിന്റെ നിര്‍വൃതിക്ക്   വേണ്ടി പകുതിക്ക് വച്ച് അറുത്തെറിയാന്‍ ഒരു ഭ്രൂണം സൃഷ്ടിക്കേണ്ടതുണ്ടോ...? 
ഇനി ഒരുവേള  അതും വളര്‍ന്നു പിറന്നു ഭൂമിയില്‍ വീഴുമ്പോള്‍ ഉപേക്ഷിക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണു അത് ചെയ്തത്....?
നിങ്ങളുടെ ശരി ഒരു അനാഥനെ അല്ലെങ്കില്‍ ഒരു അനാഥയെ  സൃഷ്ടിച്ചു തെരുവിലേക്ക് എരിയുവാന്‍ പാകത്തിന് സമൂഹം നിങ്ങളോട് എന്ത് തെറ്റ് ചെയ്തു..? 
പിറവിയെടുക്കുന്ന കുഞ്ഞു പെണ്‍കുഞ്ഞു കൂടിയാണെങ്കിലോ..? വേട്ടയാടപ്പെടുവാന്‍ മാത്രമായ്   ഒരു വിധി എന്തിനു അവള്‍ക്കു സമ്മാനിക്കണം. 
നിങ്ങളുടെ നേരമ്പോക്കുകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ എത്ര മാത്രം അമ്മതൊട്ടിലുകള്‍   സൃഷ്ടിക്കപ്പെടെണ്ടി വരും..?  
കാശിനു ഗര്‍ഭ പാത്രം വില്‍ക്കുന്ന സ്ത്രീകളും, അവയവങ്ങള്‍ അറുത്തെടുക്കാന്‍ വേണ്ടി മാത്രം  സൃഷ്ടി നടത്തി കാശ് നേടുന്നവരും ഒക്കെ 
ഏറ്റവും കഠിനമായ രീതിയില്‍ ശിക്ഷിക്കപ്പെടണം. 
ഏറ്റവും ക്രൂരമായ വിധത്തില്‍ ഉള്ള ഒരു മരണ ശിക്ഷയില്‍ കുറഞ്ഞ ഒന്നും നിങ്ങള്‍ക്ക് ഒരു ശിക്ഷയാവില്ല. അങ്ങനെയൊന്നു കൂടുതല്‍ പേര്‍ ഈ തെറ്റിലേക്ക് എത്തുന്നത്‌ തടയുക എങ്കിലും ചെയ്യും 
അത് കൊണ്ട് തന്നെ ഇന്ത്യന്‍ പീനല്‍ കോഡ് തിരുത്തി എഴുതപ്പെടുന്ന വരെ നിങ്ങള്‍ നീതിയുടെ പഴുതിലൂടെ സംരക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും 
അല്ലെങ്കില്‍ നിലവിലെ നിയമ വ്യവസ്ഥകള്‍ നിങ്ങള്‍ക്ക് തരുന്ന കേവല ശിക്ഷകള്‍ പുതിയ തെറ്റുകള്‍ക്കു നിങ്ങളെ പ്രാപ്തരാക്കുവാന്‍ വേണ്ടിയെന്നോണം 
ഊര്‍ജ സമാഹരണത്തിനുള്ള "സുഷുപ്ത കാലം" മാത്രമാവുകയും ചെയ്യുന്നു. 
അത് കൊണ്ട് തന്നെ വിലക്കപ്പെട്ട കനികള്‍ ഇപ്പോഴും ആവോളം ഭക്ഷിക്കപ്പെട്ടുകൊണ്ടേയിരിരിക്കുന്നു. 
അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന വിത്തുകളുടെ എണ്ണവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരിരിക്കുന്നു. 
"എന്തിനു" എന്നൊരു ചോദ്യം തലയുയര്‍ത്തി നിന്ന്  എന്നെയും ഈ സമൂഹത്തെയും ഒരു പോലെ നോക്കുന്നു. 
ആര്‍ക്കുണ്ട് ഒരു ഉത്തരം നല്‍കാന്‍... 

Sunday 18 March 2012

ചങ്കരനും ചക്കിയും പിന്നെ ശ്രുതിപോയ കോമഡിയും ...

ആനക്ക് മദമിളകിയാല്‍ ചങ്ങലക്കിടാം.
ചങ്ങലക്കു മദമിളകിയാലോ................?
മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ ..... അതിലെ നിലവാരമുള്ള ഒരു പ്രോഗ്രാം ആണ് കോമഡി സ്റ്റാര്‍ .
പക്ഷെ, ആ പരിപാടിക്കിടയിലെ ഏറ്റവും വല്യ ട്രാജഡി ആണ് അതിലെ രണ്ടു ജഡ്ജുമാരും, അവതാരകയും .......
ഈ മൂവര്‍ സംഘത്തിന്റെ കോമാളിത്തരങ്ങള്‍ക്കുള്ള വേദിയായി മാറിയിരിക്കുന്നു മേല്‍പ്പറഞ്ഞ ചാനെലും പ്രോഗ്രാമ്മും.
ടിനി ടോം, മണിയന്‍പിള്ള രാജു, ഗിന്നസ് പക്രു തുടങ്ങിയ വിധി കര്‍ത്താക്കള്‍ എത്ര ഭംഗിയായി അവരുടെ കടമ നിര്‍വഹിക്കുന്നു
അവര്‍ പറയുന്ന തമാശകള്‍ എത്ര നിലവാരമുള്ളതാണ്... അത് കണ്ടെങ്കിലും കൂടെയിരിക്കുന്ന ഈ കൂപ മണ്ടൂകങ്ങള്‍ക്ക് അവരവരുടെ അധപതനം തിരിച്ചറിയാന്‍ ആവുന്നില്ല എന്നുള്ളത് കഷ്ടം തന്നെ. എല്ലാം അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെടുന്നതോ പാവം മല്ലൂസും............

പള്ളിവാസലില്‍ കൊണ്ട് പോയി കറന്റ്‌ അടിച്ചാല്‍ പോലും അഭിനയത്തിന്റെ ഭാവ ഭേദങ്ങള്‍ മുഖത്ത് പ്രതി ഫലിക്കാത്ത സിനിമാ നടന്‍ ആണ് ചീഫ് ജഡ്ജു.
ഒട്ടും അഭിനയ സാധ്യത ഇല്ലാത്തതും സ്വാഭാവികമായ പ്രകടനം മാത്രം ആവശ്യമുള്ളതുമായ മന്ദബുദ്ധി, വിഡ്ഢി കഥാ പാത്രങ്ങളെ സ്വാഭാവിക പ്രദര്‍ശനത്തിലൂടെ ജനങ്ങള്‍ക് മുന്നിലെത്തിച്ചു കയ്യടി വാങ്ങിയ "വിഗദീഷി"നെ നമുക്ക് ഉള്‍കൊള്ളാന്‍ ആകും. ഒരു മന്ദബുദ്ധി അല്ലെങ്കില്‍ ഒരു തികഞ്ഞ വിഡ്ഢി എന്നതിനും അതിനപ്പുറത്തേക്ക് ഏതു കഥാപാത്രമായാണ് നമുക്കിയാളെ ഉള്‍കൊള്ളാന്‍ ആവുക.... ഒരു വേദി കിട്ടിയാല്‍ അവിടെ കേറി എന്തും കാണിച്ചു, കാണാനിരിക്കുന്നവരെ കൊല്ലാന്‍ ശ്രമിക്കുന്ന ഈ സാക്ഷാത്കാരങ്ങള്‍ക്ക് വേണ്ടുന്ന ശിക്ഷ കൊടുക്കുവാനുള്ള നിയമങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടണം. മധുമോഹന്‍, സന്തോഷ്‌ പണ്ഡിറ്റ്‌ ഗണത്തിനും അപ്പുറത്തേക്ക് മാറി നിര്‍ത്തുവാനുള്ള എന്ത് മേന്മയാണ് ഇയാള്‍ക്കുള്ളത്. പെറ്റമ്മ പോലും സഹിക്കാത്ത വിധത്തില്‍ പാടുകയും കൈ വയ്യാത്തവന്‍ പോലും കയ്യില്‍ തുണി ചുറ്റി തല്ലി കൊല്ലാന്‍ തയാറാകും വിധം ഡാന്‍സ് ചെയ്യുകയും, "തറ" എന്ന് വിശേഷിപ്പിക്കാന്‍ പോലും മടിച്ചു പോകും വിധത്തിലുള്ള കമന്റുകള്‍ തികഞ്ഞ ആധികാരികതയോടെ പറയുകയും, സ്വയം നിര്‍ലോഭം പുകഴ്ത്തിക്കൊണ്ടേയിരിക്കുകയും, സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ പോലെ ജന്മനാ കോട്ടും ധരിച്ചു പിറന്നു വീണവനുമായ ഈ പ്രതിഭാസം എത്താത്ത ഇടത്തും ഏണി വച്ച് കേറുന്ന തനി കുട്ടി കുരങ്ങന്‍ തന്നെ...... കോളേജ് അദ്ധ്യാപകന്‍ ആയ ഈ പഹയന്‍ ക്യാച് പിടിക്കാനും മടിക്കാത്തവന്‍ ആണ് എന്ന് മേല്പറഞ്ഞ വീഡിയോ കാണുമ്പോള്‍ നമുക്ക് മനസിലാവും.

ഇനി ഈ പറഞ്ഞ നാണയത്തിന്റെ മറു പുറം ആണ് വനിതാ പ്രാതിനിത്യം പേറുന്ന കാല്‍പനിക ചേച്ചി. ശരിക്കും പറഞ്ഞാല്‍ ചങ്കരനൊത്ത ചങ്കരി തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് തെറ്റില്ലാത്തവിധം കോമഡി സീനുകളില്‍ അഭിനയിച്ചു കയ്യടി വാങ്ങി കൊണ്ട് പോന്നിരുന്ന ഈ സ്ത്രീ രത്നത്തിന് ഏതു സമയത്തിലാണാവോ കൌമാരത്തിലെയും ത്രസിപ്പിക്കുന്ന യൌവനതിലെയും ഒക്കെ വികാര വിചാര പ്രകടനങ്ങള്‍ തിരികെ വേണം എന്ന് തോന്നിയത്.. "തൈക്കിളവി" എന്ന വിശേഷണത്തില്‍ പോലും ഒതുക്കി നിര്‍ത്താന്‍ ആവാത്ത ഈ മഹിളാമണി ഇപ്പോള്‍ എഴുന്നള്ളിക്കുന്ന വാക്കുകള്‍ കേട്ടാലോ, വിഷമടിച്ചിട്ടു കിണറ്റില്‍ ചാടി മരിക്കാന്‍ തോന്നും. വസ്ത്ര ധാരണത്തില്‍ പുലര്‍ത്തുന്ന പുതുമയും (ഏറ്റവും വൃത്തികേടായി എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണ് ഇന്നത്തെ പുതുമയും ഫാഷനും), അച്ചടി ഭാഷാ ശൈലിയും നടപ്പും എടുപ്പും തുടങ്ങി എന്തിനു ഏറെ പറയുന്നു 'ചിയര്‍ ഗേള്‍സ്‌" ' ആകാനുള്ള വിശാല മനസ് കൊണ്ട് പോലും ഈ സുന്ദരി കോത സഹൃദയരെ ഏറെ ഒന്നുമല്ല കൊന്നു കൊല വിളിക്കുന്നത്‌........... ....

ഈ രണ്ടു കറിക്കും ചേര്‍ക്കുന്ന ഉപ്പു പോലെയാണ് മൂന്നാമത്തെ അവതാരം...... ഈ മഹിളാ അവതാരമാണ് പ്രസ്തുത പരിപാടിയുടെ അവതാരക.
പുട്ടിനു തേങ്ങ ഇടുന്ന പോലെ മിനിട്ട് മിനിട്ട് വച്ച് മേല്പറഞ്ഞ രണ്ടു താരങ്ങളെയും പുകഴ്ത്തല്‍ ആണ് ഈ താരികയുടെ ഇഷ്ട വിനോദം. ഉഷ്ണ ജീവി വര്‍ഗത്തില്‍ പെടുന്ന ഈ പെണ്‍കുട്ടിയുടെ ഇടതു കൈ ഇടയ്ക്കിടെ അന്തരീക്ഷത്തിലേക്ക് എന്തോ ഉയര്‍ത്തി എറിയുന്നത് കാണാം. അങ്ങനെ എടുത്തു എറിയുന്നത് വഴിയാണ് അവതരിപ്പിക്കല്‍ എന്ന ചടങ്ങ് നടത്തുന്നത് എന്ന് തോന്നുന്നു. ഈ പെണ്‍കുട്ടിയെ എന്നെങ്കിലും ഒരിക്കല്‍ വാമ ഭാഗം ആക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന പുരുഷ പ്രജയോടു ഒരു വാക്...... ഇവളുടെ വലതു വശം ചേര്‍ന്ന്മാത്രം നടക്കുക അല്ലെങ്കില്‍ ഇവള്‍ ആരോഗ്യത്തിനു ഹാനികരം.

ഇവര്‍ ഒരിക്കലും സ്വയം മനസിലാകി തിരുത്തുമെന്നോ പിന്മാരുമെന്നോ നമുക്കൊരു പ്രതീക്ഷ വേണ്ട..... ബ്രിട്ടാനിയ ബിസ്ക്കറ്റ് തലപ്പത്തിരിക്കുന്ന ചാനെല്‍ തമ്പുരാന്മാരെ നിങ്ങളെങ്കിലും ഞങ്ങളെ ഈ നരകത്തില്‍ നിന്നും കരകയറ്റണേ..................

Saturday 28 January 2012

സമര സ്മൃതികള്‍

സമരസ്മൃതികളിലേക്ക് പുത്തരി"ക്കണ്ടം" വഴികാട്ടും

Posted on: 28-Jan-2012 09:41 AM

തിരു: ഒരു കോണില്‍ പുത്തരിക്കണ്ടം വീണ്ടും "കണ്ട"മായി. ഉഴുതുമറിച്ച മണ്ണില്‍ നേമത്തു നിന്നെത്തിയ കര്‍ഷക തൊഴിലാളികള്‍ ഞാറുനട്ടു. വയലേലകളിലെ പോര്‍വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ചരിത്രം കാണാന്‍ ഈ കണ്ടത്തിന്റെ ഓരത്തുകൂടി വേണം പോകാന്‍ . ചേറുമണമടിക്കുന്ന കാറ്റില്‍ ഉലയുന്ന നെല്‍ച്ചെടികള്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശന നഗരിയിലേക്കു വഴികാട്ടും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെല്‍പ്പാടമായിരുന്ന പുത്തരിക്കണ്ടത്തേക്ക് നേമത്തുനിന്ന് കൊണ്ടുവന്ന ഞാറ് ദിവസങ്ങള്‍ക്കകം വളര്‍ന്ന് പാകമാകും. ഇതിനോടു ചേര്‍ന്ന് ഈറ കീറി കുട്ടയും വട്ടിയും പണിതെടുക്കുന്ന തൊഴിലാളികളുടെ കുടില്‍ മാതൃക ഉയരും. മതില്‍ ചാടി മുടവന്‍മുഗളിലെ സമരഭൂമിയില്‍ പ്രവേശിക്കുന്ന എ കെ ജിയുടെ ചിത്രവും തൊട്ടടുത്ത് സ്ഥാപിക്കുന്നതോടെ കാര്‍ഷികസമരങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലാകും പുത്തരിക്കണ്ടം. മണ്ണിന്റെ മക്കളുടെ അവകാശപ്പോരാട്ടത്തിലൂടെ പിറവികൊണ്ട കേരളത്തിന്റെ ചരിത്രം പ്രദര്‍ശനത്തില്‍ അനാവൃതമാകും. പ്രദര്‍ശന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി. തിങ്കളാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രദര്‍ശനനഗരിയുടെ ഒരുക്കങ്ങള്‍ സജീവമായി മുന്നേറുകയാണ്. നെല്‍പ്പാടത്തിന്റെ ഹരിതാഭയ്ക്ക് എതിര്‍വശത്ത് മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. സ്റ്റേജിന്റെയും പ്രദര്‍ശനഹാളിന്റെയും നിര്‍മാണത്തിനൊപ്പമാണ് നഗരിയുടെ മുന്‍ഭാഗം അലങ്കരിക്കുന്നത്. ഫെബ്രുവരി 10 വരെ നീളുന്ന പ്രദര്‍ശനത്തില്‍ സമരകേരളത്തെ ആവിഷ്കരിക്കുന്ന ഫോട്ടോകളും വരകളും വര്‍ണങ്ങളും നിറയും. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.

==============================================================
The words above are from a local daily which made me scribble like these.....
സഖാക്കളേ,
എല്ലാം കേവലം പ്രദര്‍ശനങ്ങള്‍ മാത്രമായി ചുരുങ്ങി ഉദയം കൊണ്ട് ഒടുങ്ങുന്നല്ലോ എന്നതിലാണ് സങ്കടം.
പ്രദര്‍ശനങ്ങളുടെ അര്‍ദ്ധ ആയുസ്സിനും അപ്പുറത്തേക്ക് അതിലെ വികാരം ഉള്‍ക്കൊണ്ട്‌ അതൊരു തുടര്‍ച്ച ആക്കി മാറ്റുവാനോ
അല്ലെങ്കില്‍ അല്‍പ മാത്ര ജീവനുകള്‍ മാത്രമായി ശേഷിക്കുന്ന ഈ പൈതൃക സുകൃതങ്ങളെ നവ ഊര്‍ജം നല്‍കി സംരക്ഷിക്കുവാനോ
ആരും തന്നെ ശ്രമിക്കുന്നില്ല. ചരിത്രത്തിന്റെ ശേഷിപ്പുകള്‍ എല്ലാം തന്നെ ഇന്ന് പ്രദര്‍ശന വേദികളിലെ അലങ്കാരങ്ങള്‍ മാത്രം.
സംഘടനാ പ്രവര്‍ത്തനം പുതു തലമുറയ്ക്ക് ഒരു ഫാഷന്‍ അല്ലെങ്കില്‍ ഒരു നേരംപോക്ക് എന്നതിനപ്പുറത്തേക്ക് അതിലെന്തു വൈകാരിക ബന്ധമാണ്
അവരിലുള്ളത്..? അങ്ങനെയൊരു വൈകാരിക ബന്ധം അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ , വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചേറിന്റെ മണം ഉയര്‍ത്തുന്ന കാറ്റും നെല്‍ ചെടികളും ഒക്കെ പ്രദര്‍ശന വേദികളിലെ കൌതുകമുണര്‍ത്തുന്ന അലങ്കാര ദൃശ്യങ്ങള്‍ മാത്രമായി ഒതുങ്ങുകയില്ല. ഈ സമ്മേളനങ്ങള്‍ക്കും അപ്പുറത്തേക്ക് ഇവ വളര്‍ത്തി വലുതാക്കുവനുള്ള പ്രോത്സാഹനങ്ങള്‍ കൂടി ഉണ്ടാവണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
പുതിയ പാഠപുസ്തകങ്ങളില്‍ പോലും കുട്ടികളെ ചേരും ചെടിയും പരിചയപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ല.
"നിങ്ങള്‍ക്കുള്ളത്‌ പോലെന്‍ നാട്ടില്‍ ഞങ്ങള്‍ക്കുണ്ടൊരു മുത്തശ്ശി" എന്ന് തുടങ്ങുന്ന കവിതയില്‍ "ചേറിന്‍ പാളികള്‍ കുത്തിപൊക്കി കരിമാലയന്മാര്‍ പോകുമ്പോള്‍ "
എന്ന വരിയിലൂടെ ഒക്കെ കുട്ടികള്‍ക്ക് ചെറിനേയും ചേറിന്റെ മണം പേറുന്ന കാറ്റിനെയും ഒക്കെ പരിചിതമായിരുന്നു.
അത് കൊണ്ട് തന്നെ പ്രദര്‍ശന വേദികളില്‍ നിന്നും ചേറിന്റെ മണം പേറുന്ന കാറ്റില്‍ തലയാട്ടി നില്‍കുന്ന നെല്‍ചെടികള്‍ ഇനിയും മരിക്കാത്ത വയലേലകളുടെ
ഹൃദയങ്ങളിലേക്ക് തലയുയാര്‍ത്തി പിടിച്ചു നില്‍കുന്ന സഖാക്കളായി ലാല്‍ സലാം പറഞ്ഞു മാര്‍ച്ച് ചെയ്യട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
മാര്‍ക്സും എംഗല്‍സും ഒക്കെ ചിത്രങ്ങളില്‍ നിന്നും പുതു തലമുറയിലേക്കു കൂടി പുനര്‍ജനിക്കും വിധം മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തുടര്‍ പോരാട്ടങ്ങള്‍ നടത്തി ഹരിതാഭമായ നെല്പാടങ്ങളിലെ ജീവ സ്രോതസ്സുകളായി മാറട്ടെ. ഇനിയൊരു കര്‍ഷക ആത്മഹത്യ കൂടി ഉണ്ടാവാതെ നോക്കാം, കാരണം നമുക്ക് മാത്രമേ കഴിയു, അല്ലെങ്കില്‍ നമ്മള്‍ തന്നെയാവണം ചരിത്രത്തിലെന്ന പോലെ അനീതിയിലെക്കുള്ള ചൂണ്ടു പലകകളും സമൂല മാറ്റത്തിനുള്ള കാരണ ഭൂതന്മാരും ആവേണ്ടത്. സമര കേരളം എന്നത് കമ്മ്യൂണിസ്റ്റ്‌ തറവാടാണ്. പ്രദര്‍ശന വേദികളിലെ കെട്ടു കാഴ്ചകളില്‍ നിന്നും പ്രവൃത്തിയുടെ ഊര്ജമുള്‍ക്കൊള്ളുന്ന പാടങ്ങളിലേക്ക് നമ്മുടെ സഖാക്കള്‍ ഓരോരുത്തരും ചുവന്ന കൊടികളും ഉയര്‍ത്തി സ്വയം മാതൃകകളായി മുന്നേറട്ടെ. പുതു തലമുറകള്‍ അങ്ങനെയൊരു ആവേശ കാറ്റ് ശ്വസിച്ചു സ്വയം തിരിച്ചറിഞ്ഞു നമ്മുടെ സഖാക്കളാവട്ടെ. അങ്ങനെയൊരു നാളെക്കായി ഒരുമിക്കുന്ന കൈകള്‍ മനുഷ്യ ചങ്ങലകള്‍ തീര്‍ക്കട്ടെ, സ്നേഹ ജ്വാലകള്‍ ഉയര്‍ത്തട്ടെ.

ലാല്‍ സലാം.



Wednesday 16 February 2011

രാഷ്ട്രിയം എന്നത് ഇന്ന് രാഷ്ട്രത്തെ സംബന്ധിച്ചത് എന്നതില്‍ നിന്നും ഒത്തിരി വിഭിന്നമായി മാറി
പകരം വ്യക്തികള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതു പോലുള്ള ഒരു വ്യവസ്ഥിതി ആയി തീര്‍ന്നിരിക്കുന്നു.
മുന്‍പ് വ്യക്തികളില്‍ നിന്നും വ്യക്തികളിലൂടെ ഒഴുകി ഒരു പൊതുസേവനത്തിന്റെ പ്രൌഢത ആയിരുന്നെങ്കില്‍
ഇന്നത്‌ ഓരോ വ്യക്തിയിലും മാത്രമായി ഒതുങ്ങുന്ന ഒരു സ്വാര്‍ത്ഥത ആണെന്ന് പറയേണ്ടി വരും.
കാരണം രാഷ്ട്രത്തിന് വേണ്ടി എന്ന വ്യാജേനെ ചെയ്യുന്ന ഏതൊരു കാര്യത്തിലും ഏറ്റവും വലിയൊരു സ്വാര്‍ത്ഥ
താല്പര്യം ഉണ്ടായിരുന്നു എന്ന് ഒരല്പം വൈകിയാണെങ്കിലും എല്ലാവരും അറിയുക തന്നെ ചെയ്യുന്നു.
(ആദര്‍ശ ധീരരും ഉദ്ധേശ ശുദ്ധിയുള്ള ചില രാഷ്ട്രീയക്കാരെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല പക്ഷെ അധര്‍മത്തിന്റെ അട്ടഹാസങ്ങള്‍ക്കിടയില്‍ ധര്‍മ്മത്തിന്റെ ആ ഇത്തിരി ശബ്ദങ്ങള്‍ മുങ്ങിപ്പോകുന്നു, അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോകുന്നു എന്നതാണ് സത്യം).

ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ അര്‍ത്ഥവും ആശയവും തന്നെ മാറി പോയിരിക്കുന്നു.
"എ ഗവര്‍ന്മെന്റ് ഓഫ് ദി പീപ്പിള്‍ , ഫോര്‍ ദി പീപ്പിള്‍ , ബൈ ദി പീപ്പിള്‍ " എന്നതിനെ ഇന്നത്തെ രാഷ്ട്രീയ
പ്രവര്‍ത്തകരുടെ മഹനീയമായ സേവനം കൊണ്ട് "എ ഗവര്‍ന്മെന്റ് ഓഫ് ദി റിച്, ഫോര്‍ ദി റിച്, ബൈ ദി റിച് " എന്ന് പുനര്‍ നിര്‍വചനം നടത്തി വക്കുകയാവും ഉചിതം.
രാഷ്ട്രീയം എന്നത് ഇന്ന് ഉപജീവനത്തിന്റെ ഏറ്റവും നല്ല ഉപാധി ആയി മാറിക്കഴിഞ്ഞു
എം. ബി. ബി. എസ്, എഞ്ചിനീയറിംഗ് , എം. ബി. എ. പോലുള്ള പ്രൊഫഷണല്‍ കോഴ്സ് കളെക്കാള്‍ കൂടുതല്‍ ആകര്‍ഷണീയമായ ഒരു പ്രൊഫഷണല്‍ കോഴ്സ് ആയി രാഷ്ട്രീയത്തെ യൂണിവേര്‍സിടികളില്‍ അംഗീകരിച്ചു കൊണ്ട് വരുന്ന ഒരു കാലം വിദൂരമാവില്ലെന്നു തോന്നുന്നു.
കാപട്യത്തിന്റെ അളവിനെ വെളുപ്പില്‍ കറുപ്പ് കൊണ്ടെഴുതി മുദ്രണം ചെയ്തു
"ക്വാളിഫയെട് പോളിടിഷ്യന്‍" എന്ന സാക്ഷ്യപത്രങ്ങള്‍ നല്‍കി വിടുന്ന
ഒരു കാലത്തെ കുറിച്ച് ചിന്തിച്ചാല്‍ അതില്‍ എന്തേലും അതിഭാവുകത്വം ഉണ്ടോ...?
ഇങ്ങനെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കോലം തുള്ളുമ്പോള്‍ സമത്വം എന്നതു വിദൂര സ്വപ്നമായി തീരും.

ഏകാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ഇതര രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കാള്‍
കൂടുതല്‍ ശക്തമായ ജനമുന്നേറ്റങ്ങള്‍ വരും നമ്മുടെ ഭാരതത്തിലും.
ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാനോ,
അല്ലെങ്കില്‍ ഇതിനു പകരം നില്‍കുന്ന കൂടുതല്‍ സന്തുലിതമായ,
കപടരാഷ്ട്രീയതിനെ അല്പം പോലും തുണക്കാത്ത പുതിയ ഒരു വ്യവസ്ഥിതിയെയോ
സ്ഥാപിച്ചെടുക്കുവാന്‍ ജനമുന്നേറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്.
ഞാന്‍ കാത്തിരിക്കുന്നത് ഈ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നില്കുവാന്‍ പുനര്‍ജനിച്ചു വരുന്നതു
ഗാന്ധിയാവുമോ സുഭാഷ് ചന്ദ്ര ബോസ് ആകുമോ എന്നറിയാനാണ്.
നമുക്ക് കാത്തിരുന്നു കാണുക തന്നെ ചെയ്യാം....