Wednesday 16 February 2011

രാഷ്ട്രിയം എന്നത് ഇന്ന് രാഷ്ട്രത്തെ സംബന്ധിച്ചത് എന്നതില്‍ നിന്നും ഒത്തിരി വിഭിന്നമായി മാറി
പകരം വ്യക്തികള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതു പോലുള്ള ഒരു വ്യവസ്ഥിതി ആയി തീര്‍ന്നിരിക്കുന്നു.
മുന്‍പ് വ്യക്തികളില്‍ നിന്നും വ്യക്തികളിലൂടെ ഒഴുകി ഒരു പൊതുസേവനത്തിന്റെ പ്രൌഢത ആയിരുന്നെങ്കില്‍
ഇന്നത്‌ ഓരോ വ്യക്തിയിലും മാത്രമായി ഒതുങ്ങുന്ന ഒരു സ്വാര്‍ത്ഥത ആണെന്ന് പറയേണ്ടി വരും.
കാരണം രാഷ്ട്രത്തിന് വേണ്ടി എന്ന വ്യാജേനെ ചെയ്യുന്ന ഏതൊരു കാര്യത്തിലും ഏറ്റവും വലിയൊരു സ്വാര്‍ത്ഥ
താല്പര്യം ഉണ്ടായിരുന്നു എന്ന് ഒരല്പം വൈകിയാണെങ്കിലും എല്ലാവരും അറിയുക തന്നെ ചെയ്യുന്നു.
(ആദര്‍ശ ധീരരും ഉദ്ധേശ ശുദ്ധിയുള്ള ചില രാഷ്ട്രീയക്കാരെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല പക്ഷെ അധര്‍മത്തിന്റെ അട്ടഹാസങ്ങള്‍ക്കിടയില്‍ ധര്‍മ്മത്തിന്റെ ആ ഇത്തിരി ശബ്ദങ്ങള്‍ മുങ്ങിപ്പോകുന്നു, അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോകുന്നു എന്നതാണ് സത്യം).

ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ അര്‍ത്ഥവും ആശയവും തന്നെ മാറി പോയിരിക്കുന്നു.
"എ ഗവര്‍ന്മെന്റ് ഓഫ് ദി പീപ്പിള്‍ , ഫോര്‍ ദി പീപ്പിള്‍ , ബൈ ദി പീപ്പിള്‍ " എന്നതിനെ ഇന്നത്തെ രാഷ്ട്രീയ
പ്രവര്‍ത്തകരുടെ മഹനീയമായ സേവനം കൊണ്ട് "എ ഗവര്‍ന്മെന്റ് ഓഫ് ദി റിച്, ഫോര്‍ ദി റിച്, ബൈ ദി റിച് " എന്ന് പുനര്‍ നിര്‍വചനം നടത്തി വക്കുകയാവും ഉചിതം.
രാഷ്ട്രീയം എന്നത് ഇന്ന് ഉപജീവനത്തിന്റെ ഏറ്റവും നല്ല ഉപാധി ആയി മാറിക്കഴിഞ്ഞു
എം. ബി. ബി. എസ്, എഞ്ചിനീയറിംഗ് , എം. ബി. എ. പോലുള്ള പ്രൊഫഷണല്‍ കോഴ്സ് കളെക്കാള്‍ കൂടുതല്‍ ആകര്‍ഷണീയമായ ഒരു പ്രൊഫഷണല്‍ കോഴ്സ് ആയി രാഷ്ട്രീയത്തെ യൂണിവേര്‍സിടികളില്‍ അംഗീകരിച്ചു കൊണ്ട് വരുന്ന ഒരു കാലം വിദൂരമാവില്ലെന്നു തോന്നുന്നു.
കാപട്യത്തിന്റെ അളവിനെ വെളുപ്പില്‍ കറുപ്പ് കൊണ്ടെഴുതി മുദ്രണം ചെയ്തു
"ക്വാളിഫയെട് പോളിടിഷ്യന്‍" എന്ന സാക്ഷ്യപത്രങ്ങള്‍ നല്‍കി വിടുന്ന
ഒരു കാലത്തെ കുറിച്ച് ചിന്തിച്ചാല്‍ അതില്‍ എന്തേലും അതിഭാവുകത്വം ഉണ്ടോ...?
ഇങ്ങനെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കോലം തുള്ളുമ്പോള്‍ സമത്വം എന്നതു വിദൂര സ്വപ്നമായി തീരും.

ഏകാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ഇതര രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കാള്‍
കൂടുതല്‍ ശക്തമായ ജനമുന്നേറ്റങ്ങള്‍ വരും നമ്മുടെ ഭാരതത്തിലും.
ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാനോ,
അല്ലെങ്കില്‍ ഇതിനു പകരം നില്‍കുന്ന കൂടുതല്‍ സന്തുലിതമായ,
കപടരാഷ്ട്രീയതിനെ അല്പം പോലും തുണക്കാത്ത പുതിയ ഒരു വ്യവസ്ഥിതിയെയോ
സ്ഥാപിച്ചെടുക്കുവാന്‍ ജനമുന്നേറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്.
ഞാന്‍ കാത്തിരിക്കുന്നത് ഈ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നില്കുവാന്‍ പുനര്‍ജനിച്ചു വരുന്നതു
ഗാന്ധിയാവുമോ സുഭാഷ് ചന്ദ്ര ബോസ് ആകുമോ എന്നറിയാനാണ്.
നമുക്ക് കാത്തിരുന്നു കാണുക തന്നെ ചെയ്യാം....

1 comment: